
സംസാരിക്കൽ എളുപ്പമാണ്.
പക്ഷെ നിങ്ങൾക്ക് വാക്കുകൾ തിന്നാനാകില്ല.
അതിനാൽ അപ്പമുണ്ടാക്കുക.
അപ്പമുണ്ടാക്കൽ പ്രയാസമാണ്.
അതിനാൽ അപ്പമുണ്ടാക്കുന്നയാളാകുക.
പക്ഷെ നിങ്ങൾക്ക് അപ്പകഷ്ണത്തിൽ ജീവിക്കാനാകില്ല.
അതിനാൽ വീടുകളുണ്ടാക്കുക.
വീടുകളുണ്ടാക്കൽ പ്രയാസമാണ്.
അതിനാൽ കല്പണിക്കാരനാകുക.
പക്ഷെ നിങ്ങൾക്കൊരു പർവ്വതത്തിൽ വീടുണ്ടാക്കാനാകില്ല.
അതിനാൽ ആ പർവ്വതം നീക്കുക.
പർവ്വതങ്ങൾ നീക്കൽ പ്രയാസമാണ്.
അതിനാൽ പ്രവാചകനാകുക.
പക്ഷെ നിങ്ങൾക്ക് ചിന്തകൾ കേൾക്കാനാകില്ല.
അതിനാൽ സംസാരിക്കുക.
സംസാരിക്കൽ പ്രയാസമാണ്.
അതിനാൽ നിങ്ങൾ എന്താണോ അതാകുക
എന്നിട്ട് സ്വയം പിറുപിറുത്തുകൊള്ളുക,
ഒന്നിനും കൊള്ളാത്ത ജീവി.
ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ: ജർമ്മൻ കവിയും പരിഭാഷകനും ബുദ്ധിജീവിയും. 1929ൽ സ്വാബിയ എന്ന ചെറുപട്ടണത്തിൽ ജനനം. ജർമ്മൻ സാഹിത്യത്തിലും തത്വചിന്തയിലും ഉപരിപഠനം. അദ്ദേഹത്തിൻ്റെ കൗമാരപ്രായത്തിലായിരുന്നു നാസി ജർമ്മനിയുടെ തകർച്ച. രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ കവിതയിൽ ഏറ്റവും പ്രധാനപ്പെട്ട സ്വരമായി കണക്കാക്കപ്പെടുന്നു. 2022 നവംബറിൽ അന്തരിച്ചു.